Society Today
Breaking News

ന്യൂഡല്‍ഹി/കൊച്ചി: രാജ്യത്തെ തായ്‌ക്വോണ്ടോ കായികരംഗത്ത് മാറ്റം വരുത്താനും, അന്താരാഷ്ട്ര ചാമ്പ്യന്‍മാരെ വാര്‍ത്തെടുക്കാനും ലക്ഷ്യമിട്ട് ഇന്ത്യന്‍ തായ്‌ക്വോണ്ടോ പ്രീമിയര്‍ ലീഗ് (ടിപിഎല്‍) പ്രഖ്യാപിച്ചു. 2023 ജൂണില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഫ്രാഞ്ചൈസി മോഡല്‍ ലീഗില്‍ ഹൈദരാബാദ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, അസം, ഡല്‍ഹി, ബെംഗളൂരു, ഡെറാഡൂണ്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളായിരിക്കും മത്സരിക്കുക. നാനൂറിലേറെ കായികതാരങ്ങളെ സാക്ഷിയാക്കി ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ ജുന്‍ ലീ, ലോകചാമ്പ്യന്‍ മൂണ്‍ ഡേ സുങ് എന്നിവര്‍ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതാദ്യമായി ടീം ഫോര്‍മാറ്റിലായിരിക്കും തായ്‌ക്വോണ്ടോ പ്രീമിയര്‍ ലീഗ് കളിക്കുക.

ഓരോ ടീമിലും അഞ്ച് മുന്‍നിര താരങ്ങള്‍ മത്സരിക്കും. മത്സരത്തില്‍ വേഗവും ആവേശവും നിലനിര്‍ത്താന്‍ 58.1 കി.ഗ്രാം67.9 കി.ഗ്രാം വിഭാഗങ്ങളിലായി മത്സരം പരിമിതപ്പെടുത്തിയിട്ടുണ്ട്.ടിപിഎല്‍ കമ്മീഷണര്‍ ജുന്‍ ലീ, ടിപിഎല്‍ ചീഫ് കോച്ച് മാസ്റ്റര്‍ കിം ചാങ് ക്വോണ്‍, മൂണ്‍ ഡേ സുങ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പാനല്‍ 12 നഗരങ്ങളില്‍ നടക്കുന്ന സെലക്ഷന്‍ ട്രയലുകളില്‍ നിന്ന് കളിക്കാരെ തിരഞ്ഞെടുക്കും. ഓരോ ടീമിന്റെയും മെന്റര്‍മാരെയും പരിശീലകരെയും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത പത്ത് ലക്ഷം കളിക്കാര്‍ ഉണ്ടെന്നും ഇത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിലൊന്നായി മാറുമെന്നും മൂണ്‍ ഡേ സുങ് പറഞ്ഞു. ഗണേഷ് ദുവ്വൂരി, ജി.കെ വെങ്കട്ട്, നവനീത എന്നിവരാണ് ലീഗിന്റെ സ്ഥാപക ഡയറക്ടര്‍മാര്‍. ദക്ഷിണ കൊറിയയില്‍ നിന്ന് ഉത്ഭവിച്ച തായ്‌ക്വോണ്ടോ, കിക്കിങും പഞ്ചിങും ഉള്‍പ്പെടുന്ന ഒരു ആയോധന കലയാണ്, 200 രാജ്യങ്ങളിലായി 20 ദശലക്ഷത്തിലധികം അത്‌ലറ്റുകള്‍ ഒളിമ്പിക് കായിക ഇനം കൂടിയായ തായ്‌ക്വോണ്ടോ പരിശീലിക്കുന്നുണ്ട്.


 

Top